• 10:00 AM - 4:30 PM Mon - Fri
  • +91 497 2873825
  • Muttam, P.O Vengara, Kannur, Kerala
class
  • Admin
  • | 01 Oct, 2022

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിദ്യാലയങ്ങളിൽ സംഘടിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക് ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ തുടക്കമാവുകയാണ്...

എല്ലാ വിദ്യാലയങ്ങളിലും ഈ പ്രവർത്തനങ്ങൾക്കുള്ള മുന്നൊരുക്കങ്ങൾ നടന്നു വരുന്നു. എല്ലാ അധ്യാപകർക്കും ഇതിനാവശ്യമായ സമഗ്ര പരിശീലനം ലഭിച്ചിട്ടുണ്ട്. 

ഭാവി തലമുറയെ തന്നെ അപകടത്തിലാക്കുന്ന ലഹരിയുടെ ഉപയോഗം കുട്ടികളിലേയ്ക്ക് പടരാതിരിക്കാൻ രക്ഷിതാക്കൾ നിതാന്ത ജാഗ്രതയോടെ പ്രവർത്തിക്കേണ്ടതുണ്ട്.

ഒരു രക്ഷിതാവെന്ന നിലയിൽ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്...?

" എന്റെ കുട്ടിയെ എനിക്കറിയാം, അവന്‍ അങ്ങനെ ചെയ്യില്ല.''

പലപ്പോഴും മാതാപിതാക്കള്‍ നല്കുന്ന ഉത്തരമാണ് ഇത്. എന്റെ കുട്ടിയെ എനിക്ക് എത്രമാത്രമറിയാം, എന്റെ അറിവിനുമപ്പുറത്തേക്ക് അവന്‍ വളര്‍ന്നു കഴിഞ്ഞോ, എന്ന് സ്വയം എല്ലാവരും ഒന്നവലോകനം ചെയ്യണം. ഇന്റര്‍നെറ്റും മറ്റ് ആധുനിക സൗകര്യങ്ങളും, വലവിരിച്ചു കാത്തിരിക്കുന്ന ലഹരി മരുന്നു മാഫിയയും അവരെ നമ്മളറിയാത്ത ഒരു ലോകത്തിലേക്ക് നയിക്കുന്നു. അതിനാല്‍ കരുതിയിരിക്കുക

ഏതൊക്കെയാണ് ഒരു രക്ഷിതാവ് എന്ന നിലയിൽ കുട്ടികളെ സംബന്ധിച്ച് ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍?

പ്രത്യേകിച്ചു കാരണമില്ലാതെ പഠനനിലവാരത്തില്‍ പിന്നോട്ടു പോകുക.

രഹസ്യങ്ങള്‍ ഒളിപ്പിക്കാന്‍ ശ്രമിക്കുന്ന സ്വഭാവം.

കൂടുതല്‍ പൈസ ആവശ്യപ്പെടുക. വീടുകളില്‍ നിന്ന് പൈസ കളവു പോവുക, വിലപിടിപ്പുള്ള സാധാനങ്ങള്‍ കാണാതെ പോകുക.

ഉറക്കത്തിന്റെ രീതിയില്‍ വരുന്ന വ്യത്യാസം, അമിതമായ ഉറക്കം, കൂടുതല്‍ സമയം മുറി അടച്ചിടുക.

അപരിചിതരോ, പ്രായത്തില്‍ മുതിര്‍ന്നവരോ ആയ പുതിയ കൂട്ടുകാര്‍

വസ്ത്രധാരണരീതിയില്‍ വരുന്ന പെട്ടെന്നുള്ള വ്യത്യാസങ്ങള്‍.

ഇത്തരം കാര്യങ്ങളിൽ ചില പ്രശ്നങ്ങൾ അനുഭവപ്പെട്ടാൽ എന്താണ് ചെയ്യേണ്ടത് ?

ഒരു കുട്ടിയുടെ ഏറ്റവും നല്ല കൂട്ടുകാരൻ അവന്റെ രക്ഷിതാവ് തന്നെയാണ്. കുറ്റപ്പെടുത്താതിരിക്കുക, തുറന്നു സംസാരിക്കുക. ഒറ്റപ്പെടുത്താതിരിക്കുക, കൂടെയുണ്ട് എന്ന ധൈര്യം നല്കുക പേടിപ്പിക്കാതിരിക്കുക, എന്തിനും പരിഹാരമുണ്ട് എന്ന ബോധ്യം നല്കുക. കാര്യങ്ങള്‍ സംസാരിച്ചു മനസ്സിലാക്കുക, ലഹരി ഉപയോഗമുണ്ട് എന്നു ബോധ്യപ്പെട്ടാല്‍ അതിന്റെ തുടക്കവും സാഹചര്യവും, കാരണവും മനസ്സിലാക്കുക. സ്വയം സാധിക്കുന്നില്ലെങ്കില്‍ അധ്യാപകരുടെയോ ഇക്കാര്യത്തിൽ കൗൺസിലിംഗ് പരിശീലനം നേടിയവരുടെയോ സഹായം തേടുക. നിര്‍ദ്ദേശിക്കുന്ന പരിഹാരമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക.

നിർബന്ധമായും ഓർക്കേണ്ട ചില കാര്യങ്ങൾ ...

കുട്ടികളുമായി ദിവസവും സമയം ചിലവഴിക്കുക അവരെ മനസ്സിലാക്കുക, അവരെന്താണ് എന്ന് അറിയാത്ത ഒരു അച്‌ഛനും അമ്മയ്ക്കും സ്വഭാവത്തിലെ ചെറിയ വ്യതിയാനങ്ങള്‍ പോലും മനസ്സിലാക്കാന്‍ കഴിയില്ല എന്ന് ഓർക്കണേ... നല്ല ആഹാര ശീലങ്ങൾ ഉണ്ടെന്ന് ഉറപ്പു വരുത്തുക. കുട്ടികളെ അഡിക്ഷനാക്കുന്ന രീതിയിലുള്ള മിഠായികൾ, ജംഗ് ഫുഡ്സ്, തുടങ്ങിയവ ഉപയോഗിക്കുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്.

പ്രായമനുസരിച്ച് അവര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ മയക്കു മരുന്നുകളെക്കുറിച്ച് സംസാരിക്കുക .പ്രത്യേകിച്ച് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരുമ്പോള്‍ അവരുമായി തുറന്ന് സംസാരിച്ച്, അവരെ അതിന്റെ ദൂഷ്യഫലങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുക. അവര്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ ക്ഷമയോടെ കേള്‍ക്കുക. അവരെ സ്വാതന്ത്ര്യം നല്കി വളര്‍ത്തുക, അത് ദുരുപയോഗിക്കാന്‍ ഇടയാക്കാത്ത വിധത്തില്‍ നിയന്ത്രിക്കുക. കുട്ടികളുടെ കൂട്ടുകാര്‍ ആരോക്കെയാണെന്നും, എങ്ങനെയുള്ളവരാണെന്നും മനസ്സിലാക്കിയിരിക്കുക. എന്തും നിങ്ങളോട് തുറന്നു പറയാനുള്ള ധൈര്യവും സ്വാതന്ത്ര്യവും അവര്‍ക്കു നല്കുക.

വീഴ്ചകളും തെറ്റുകളും സ്വാഭാവികമാണ്. നേരത്തേ മനസ്സിലാക്കി, തിരുത്തി കൈപിടിച്ചു നടത്തുക സര്‍വ്വോപരി അവര്‍ക്ക് ഉത്തമ മാതൃകയായിരിക്കുവാന്‍ ശ്രദ്ധിക്കുക. ദൈവം നമുക്കു നല്കിയിരിക്കുന്ന ഏറ്റവും അമൂല്യമായ സമ്മാനവും, ഉത്തരവാദിത്തവുമാണ് നമ്മുടെ കുഞ്ഞുങ്ങള്‍. പലപ്പോഴും അവര്‍ പോലുമറിയാതെ ചെന്നുപെടുന്ന ലഹരിയുടെ കെണികള്‍ ഒഴിവാക്കാന്‍ അവരുടെ കൂടെ, അവരെ മനസ്സിലാക്കി നമുക്കും അടിയുറച്ച് നടന്നു നീങ്ങാം.

നമ്മുടെ വിദ്യാലയവും അധ്യാപകരും നിങ്ങൾക്കൊപ്പമുണ്ട് എന്ന് ഓർക്കണേ...

വിദ്യാലയം നേതൃത്വം നൽകി നടപ്പിലാക്കുന്ന എല്ലാ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്കും കൂട്ടായി വർത്തിക്കണേ.